നീലിയാർ ഭഗവതി ഐതിഹ്യം

Created: November 23, 2026
Last updated: November 23, 2026
Neeliyar Bhagavathi Theyyam in traditional red costume and ornate headgear at a sacred grove in Kannur, Kerala.
Neeliyar Bhagavathi Theyyam, also known as Kottathamma, is a revered ritual deity worshipped in the Theyyam traditions of North Malabar.

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് പറമ്പ് നീലിയാർ കോട്ടത്തിൽ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ് നീലിയാർ ഭഗവതി. 20 ഏക്കർ വിസ്തൃതിയുള്ള കാടിനുള്ളിലാണ് നീലിയാർ ഭഗവതി കുടികൊള്ളുന്നത്. പല അമ്പലങ്ങളിലും ശ്രീകോവിലും നാലമ്പലവും കാഴ്ചയുടെ കേന്ദ്രം ആവുമ്പോൾ ഇവിടെ കാടാണ് ദേവിയുടെ ശ്രീ കോവിൽ. മരങ്ങൾക്കിടയിൽ തുറന്ന ആകാശത്തിനു താഴെ വിശ്വാസവും പ്രകൃതിയും ഒരുമിക്കുന്നു കാടിൻറെ ഓരോ ശ്വാസവും പറയുന്നു നീലിയാർ ഭഗവതിയുടെ കഥ. പകലിന്റെ തിരക്കുകൾക്ക് വിരാമം ഇട്ട് രാത്രിയുടെ നിശബ്ദതയിലേക്ക് പ്രകൃതി മെല്ലെ നടന്നു നീങ്ങുന്ന സൂര്യാസ്തമയ സമയത്താണ് തെയ്യക്കോലം ഇറങ്ങുക. ചെറുകുന്ന്, എരിഞ്ഞീക്കൽ, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങൾ ഉണ്ട്. കൊട്ടിയൂരനടുത്തുള്ള മണത്തണ എന്ന സ്ഥലമാണ് ഭഗവതിയുടെ ആരൂഢ സ്ഥാനം.

Neeliyar Bhagavathi Theyyam artist preparing traditional costume and makeup before the ritual in Kannur, Kerala.
The preparation of Neeliyar Bhagavathi Theyyam, where the artist gets ready for the sacred ritual performance.

വടക്കൻ കേരളത്തിൽ സാധാരണയായി തുലാമാസത്തിൽ തുടങ്ങുന്ന തെയ്യക്കാലം ഇടവപ്പാതിയിൽ വളപട്ടണം കളരി വാതിക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങോട് അവസാനിക്കുന്നു. എന്നാൽ വർഷത്തിൽ എല്ലാകാലത്തും കെട്ടിയാടുന്ന തെയ്യമാണ് നീലിയാർ ഭഗവതി. കർക്കിടകം 2 മുതൽ 16 വരെ നീലിയാർ ഭഗവതി ആരൂഢ സ്ഥാനമായ കൊട്ടിയൂരിനടുത്തുള്ള മണത്തണയിലാണ് ഉണ്ടാവുക എന്ന വിശ്വാസത്താൽ ആ സമയത്ത് തെയ്യം കെട്ടിയാടുന്നില്ല. വണ്ണാൻ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. ഒറ്റ ചെണ്ടയും കുറച്ച് വാദ്യങ്ങളും മാത്രമേ തെയ്യത്തിന് ഉപയോഗിക്കുന്നുള്ളൂ. വലിയ മുടി മുഖത്തെഴുത്ത് എന്നിവയിൽ ഈ തെയ്യത്തിന് തമ്പുരാട്ടി തെയ്യത്തിനോട് ഏറെ സാദൃശ്യമുണ്ട്. കാവിനുള്ളിൽ മഴ കൊള്ളാതെ മുഖത്തെഴുതാൻ ചെറിയ കെട്ടിടമുണ്ട്. അവിടെ തന്നെയാണ് അണിയലങ്ങൾ, മുളയിൽ തീർത്ത 20 അടിയോളം നീളമുള്ള തിരുമുടി എന്നിവ സൂക്ഷിക്കുന്നത്. എല്ലാ മാസ സംക്രമത്തിലും കുടുംബ വകയായും, സന്താനഭാഗ്യത്തിനും, മംഗല്യ ഭാഗ്യത്തിനും ഒക്കെയായി ഭക്തർ ഭഗവതിയെ കെട്ടിയാടാൻ നേർച്ച നേരാറുണ്ട്.

നീലിയാർ ഭഗവതി ഐതിഹ്യം കഥ

നീലിയാർ ഭഗവതിയുടെ ഐതിഹ്യം പറയുന്നത് ഇങ്ങനെയാണ്. കൊട്ടിയൂരിനടുത്തുള്ള മണത്തണയിൽ ജീവിച്ചിരുന്ന നീലി എന്ന താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അതീവ സുന്ദരിയും ബുദ്ധിമതിയുമായ നീലി മറഞ്ഞുനിന്ന് വേദങ്ങളും ശ്ലോകങ്ങളും പുരാണങ്ങളും പഠിച്ചു. പക്ഷേ വെറുമൊരു അടിയാത്തി പെണ്ണായിരുന്ന നീലി ശ്ലോകങ്ങൾ പാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ തമ്പുരാക്കന്മാർ അവളെ വ്യഭിചാര കുറ്റം നടത്തി സ്വന്തം അച്ഛനെ കൊണ്ടുതന്നെ ശിരച്ഛേദം ചെയ്യിപ്പിച്ചു കൊല്ലുകയും ചെയ്തു. പിന്നീട് നദികളിൽ കുളിക്കാൻ വരുന്നവർക്ക് എണ്ണയും താളിയും കാണിച്ചു വശീകരിച്ച് അവരെ കൊന്നു തിന്ന് രക്തം മൂറ്റിക്കുടിക്കുന്ന പ്രതികാരദാഹിയായിരുന്ന രക്ത യക്ഷിയായി നീലി മാറുകയും ചെയ്തു. അങ്ങനെയിരിക്കെ കൊട്ടിയൂരിൽ നിന്ന് മഹാദേവനെ തൊഴുത് തിരിച്ചു മടങ്ങുകയായിരുന്ന കാളക്കാട്ട് നമ്പൂതിരി വഴിയിൽ വെച്ച് നീലിയെ കണ്ടുമുട്ടുകയും അവൾ നൽകിയ എണ്ണയും താളിയും നമ്പൂതിരി അമൃതായി സ്വീകരിക്കുകയും നീലിയെ അമ്മയായി വിളിക്കുകയും ചെയ്തു. അമ്മയെന്ന വിളിയിലെ ശുദ്ധമായ ഭക്തിയിൽ സ്പർശിക്കപ്പെട്ട നീലി പിന്നീട് രക്തദാഹിയായ യക്ഷിയിൽ നിന്ന് ഭക്തർക്ക് സംരക്ഷണം നൽകുന്ന ഒരു മാതൃക ദേവതയായി രൂപാന്തരപ്പെട്ടു. തുടർന്ന് താനും വരുന്നു കൂടെ എന്നും, പശുവും നരിയും ഒരുമിച്ച് വാഴുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ മാങ്ങാട്ട് പറമ്പിൽ പശുവും നരിയും ഒരുമിച്ച് വാഴുന്നത് കണ്ടെന്നും അവിടെ നീലി വിശ്രമിച്ചു എന്നുമാണ് ഐതിഹ്യം. നീലിയാർകോട്ടത്തിൽ ‘കോട്ടത്തമ്മ‘ എന്നറിയപ്പെടുന്ന നീലിയാർ ഭഗവതിയുടെ സന്നിധിയിൽ ആ നരിമട നമുക്കിന്ന് കാണാം. നീലിയാർകോട്ടത്തിലെ മരങ്ങളും ചില്ലകളും നോവിച്ചാൽ ദേവി കോപിക്കുമെന്ന വിശ്വാസത്തിൽ നൂറ്റാണ്ടുകളായി അവിടെയുള്ള മുഴുവൻ മരങ്ങളും സംരക്ഷിച്ച് പോകുന്നു. സ്വന്തം ജീവിതത്തിൽ നീതി ലഭിക്കാതെ പോയ ഒരു സ്ത്രീ മരണശേഷം നാടിൻറെ ദേവതയായി മാറിയെങ്കിൽ അതാണ് നീലിയാർ കോട്ടത്തിന്റെ കഥ.

Advertisement

കാലം എത്ര മാറിയാലും ചില ഇടങ്ങൾ ഓർമ്മകളെ ചേർത്തുപിടിക്കുന്നു നീലിയാർ കോട്ടത്തും കാടും വിശ്വാസവും ഐതിഹ്യവും അനുഷ്ഠാനവും ഇഴ ചേരുന്നു.

Subin Chandran -Spiritual Author & Cultural Curato

Subin Chandran

Subin Chandran is a scholar and spiritual practitioner dedicated to the study of ancient Indian traditions. For over eight years, he has immersed himself in the ritualistic art of Theyyam, the depths of Classical Yoga, and the philosophy of Buddhism. Through Hidden Mantra, Subin shares the timeless wisdom he has uncovered on his journey to help modern seekers find deeper meaning. To explore his complete journey, experiences, and deeper insights into spirituality, you can read his detailed biography.

Connect with Subin: Contact@hiddenmantra.com

Similar Posts

Share this Post

Signup for our Newsletters

Hidden Mantra Youtube Channel