പാർവ്വതീപരമേശ്വരന്മാരുടെ പൊന്മമക്കളായ കാളിയും ദണ്ഡനും ഘണ്ഡാകർണ്ണനും ആനന്ദത്തിൽ ഭൂതഗണങ്ങളോടൊത്ത് മദിച്ചുവാണു. എന്നാൽ ദണ്ഡനും ഘണ്ഡാകർണ്ണനും സ്വഭാവത്തിൽ അസുരഭാവം കൈവന്നു. ധർമ്മാധർമ്മങ്ങൾക്ക് രക്ഷയില്ല എന്ന് മുക്കണ്ണൻ ഭയന്ന് ചിന്താമഗ്നനായി .
തന്റെ പ്രിയതമന്റെ വിഷമത്തിൽ പാർവ്വതീദേവി അൽപം ദുഖിതയായി . ദേവിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നുവീണു. വലത്തേ കണ്ണിൽ നിന്നും വീണ കണ്ണുനീർത്തുള്ളികൾ പെട്ടെന്ന് ദാരികവധത്തിനു അവതരിച്ച കാളിയെപ്പോലെ ഭീഭൽസമായിരുന്നു . എന്നാൽ ഇടത്തേ കണ്ണിൽ നിന്നു വീണ കണ്ണുനീർത്തുള്ളിയിൽ നിന്നും അവതരിച്ച ദേവിരൂപം ശാന്തത കൈക്കൊണ്ടവളായിരുന്നു .
ഈ രണ്ട് ദേവിമാർക്കും ഭഗവാൻ ശിവൻ കണ്ണിൽ നിന്ന് ചിതറിയുണ്ടായത് കൊണ്ട് ചിതർംബ – ചീറുമ്പ എന്ന് ഇരുവർക്കും പേരുവിളിച്ചു. വലത്തെ കണ്ണിൽ നിന്ന് ജനിച്ചവൾ മൂത്തവൾ എന്നും ഇടത്തേക്കണ്ണിൽ നിന്ന് ജനിച്ചവൾ ഇളയവൾ എന്നും അഭിസംബോധന ചെയ്തു.
ഈ രണ്ട് ദേവീരൂപത്തെയും കണ്ട ദണ്ഡനും ഘണ്ഡാകർണ്ണനും അമ്പേ ഭയപ്പെട്ട് നിലവിളിച്ച് പോയി. അഹംഭാവവും അഹങ്കാരവും നശിച്ച ഇവർ പെട്ടെന്ന് ഈ രണ്ട് ദേവിമാരുടെ മുന്നിലും കൈകൂപ്പി നിന്ന് ” കരും അംബേ കരും അംബേ ” , എന്ന് മന്ത്രം ഉരുവിട്ട് കൊണ്ട് സേവിച്ച് നിന്നു. അതിൽ സന്തോഷിച്ച ദേവിമാർ അവർക്ക് അഭയം നൽകി. എന്നെന്നും ഈ രണ്ട് ദേവിമാരുടെ കൂടെ സഹോദരഭാവത്തിൽ നിലനിൽക്കാമെന്നും പ്രതിജ്ഞ ചെയ്തു. അങ്ങനെ അന്നവർ ചൊല്ലിയ മന്ത്രമാണു പിന്നീടു “ശ്രീ കരും അംബേ – ശ്രീ കുറുംബയായി മാറിയത്. ചീറുംബ മൂത്തവൾ , ചീറുംബ ഇളയവൾ , ദണ്ഡൻ , ഘണ്ഡാകർണ്ണനും ഈ നാലുപേരും ഒന്നിച്ച് ചീറുംബ നാലവർ എന്ന് പ്രസിദ്ധരായി.
പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…