ഉത്തര കേരളത്തിലെ കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളിവരികയായി ഗ്രാമദേവതകളായി,അമ്മ ദൈവങ്ങളായിമന്ത്രമൂർത്തികളായി, പടവീരന്മാരായി നാഗമൃഗഭൂതാദികളായി നായാട്ടുദേവതകളായി ഒരു നാടുണരുകയായി…..

ഭക്തിസാന്ദ്രതയോടെ ഒരു ജനത ഏറ്റെടുക്കുന്നു

സാധാരണ ജനജീവിതത്തിലേക്ക് തെയ്യം കെട്ടിയാടി ഉറഞ്ഞുതുള്ളി വരുമ്പോൾ, ഭക്ത്യാദരപൂർവ്വം തെയ്യക്കുറിയേറ്റുവാങ്ങി നമ്രശിരസ്കരായി നിൽക്കുമ്പോൾ കാലം മായ്ക്കാത്ത കനൽജീവിതങ്ങൾക്ക് പോരാട്ടത്തിൻ്റെയും വേദനയുടെയും ഇതിഹാസ സമാനമായ തോറ്റം പാട്ടുകളാണ് പാടാനുണ്ടാവുക.

ഓരോവർഷവും തുലാപ്പത്തിന് കണ്ണൂർ, കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടി തെയ്യക്കാലമാരംഭിക്കുമ്പോൾ അധ:സ്ഥിത വർഗ്ഗം ഉയിർത്തെഴുന്നേറ്റുവന്ന  വേദനയുടെ ചരിത്രം കൂടിയാണ് ഒരു ജനതയുടെ ഓർമ്മയുടെ അടരിൽ തെളിയുന്നത്.

Kolacheri Sri Chathampalli Vishakandan
Kolacheri Sri Chathampalli Vishakandan

തെയ്യക്കോലങ്ങൾ ഒരു കാലഘട്ടത്തെ ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ്, സത്യസ്വരൂപങ്ങളാണ്. ആവലാതികളും പരാതികളും വേദനകളും ദുഃഖങ്ങളും പങ്കുവെക്കാനുള്ള സാധാരണമനുഷ്യരുടെ ജീവിക്കുന്ന ദൈവങ്ങളാണ്. ഓരോ തെയ്യക്കാലവും വടക്കൻ കേരളത്തിലെ ജനതയുടെ സിരകളിൽ അഗ്നിപടർത്തുന്നത് തെയ്യം പുരാവൃത്തങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും കഥകളിൽ നിന്നും തെളിയുന്ന ശക്തിയാണ്. പുതിയ തലമുറ അക്കഥകളിലൂടെ മുന്നോട്ടു പോകുമ്പോഴാണ് തെയ്യക്കാലത്തിന് നൈരന്തര്യമുണ്ടാകുന്നത്. അത് സംസ്കാര പoനത്തിലേക്കുള്ള പടികളാകുന്നു. ഓരോ തെയ്യക്കാലവും തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമാകട്ടെ

മലബാർ ഒരു സാംസ്കാരിക ഭൂമിക

തെക്കൻ കാനറയും കുമ്പളസീമയും ചേരുന്ന പ്രദേശമാണ് തുളുനാട് (രാവണേശ്വരം തൊട്ട് വടക്ക് മംഗലാപുരം- സോമേശ്വരം വരെ)

വടക്ക് ചന്ദ്രഗിരിപ്പുഴ മുതൽ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശമാണ് കോലത്തുനാട്

തുളുനാട്ടിൽ ഭൂതങ്ങളും കോലത്തുനാട്ടിൽ തെയ്യവും തിറയും കെട്ടിയാടുമ്പോൾ കോലത്തുനാടിൻ്റെ തന്നെ കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ തിറ എന്നാണ് വ്യവഹരിച്ചുവരുന്നത്. തലശ്ശേരിയിൽ എത്തുമ്പോഴേക്കും ചില സ്ഥലങ്ങളിൽ തെയ്യമായും മറ്റു ചില സ്ഥലങ്ങളിൽ തിറയായും പറഞ്ഞു വരുന്നു.

തുളുനാട്

ഭൂതാരാധനയ്ക്ക് ഏറ്റവും പ്രാധാന്യമുള്ളത് തുളുനാട്ടിലാണ്. വെളുത്തഭൂതം, കരിഭൂതം, ചുവന്നഭൂതം, അണങ്ങ് ഭൂതം, കാളർഭൂതം തുടങ്ങിയ പേരിലാണ് ഭൂതങ്ങൾ അറിയപ്പെടുന്നത്. എന്നാൽ പഞ്ചരുളി തെയ്യത്തെ ഭൂതക്കോലമായി കെട്ടിയാടുമ്പോൾ യക്ഷി സങ്കൽപ്പത്തിൽ പഞ്ചുരുളി ഭൂതമായും പറയപ്പെടുന്നു.

കളിയാട്ടം

തറവാടുകളിലോ തറവാടുകളോട് ചേർന്ന സ്ഥാനങ്ങളിലോ ഓരോ ജാതികൂട്ടായ്മയുടെയും പൊതുവായ കാവുകളിലോ തെയ്യം – തിറ ഓരോ വർഷം കൂടുമ്പോൾ നടത്തുന്നതാണ് കളിയാട്ടം. ഏതാനും വർഷങ്ങൾ കൂടുമ്പോൾ നടത്തുന്നതാണ് പെരുങ്കളിയാട്ടം. തെയ്യം കാണാൻ പോകുന്നവർ തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഓരോ തെയ്യത്തെക്കുറിച്ചുമുള്ള ഐതിഹ്യം/കഥകൾ മനസ്സിലാക്കേണ്ടതുണ്ട്. ഓരോ തെയ്യത്തിൻ്റെയും തോറ്റം പാട്ടുകളാണ് ഇതിന് സഹായകമായിട്ടുള്ളത്. വരവിളി തോറ്റം, അഞ്ചടി തോറ്റം, അണിയറ തോറ്റം തുടങ്ങിയ വിവിധതരം തോറ്റങ്ങൾ ഉണ്ട്.

വെള്ളാട്ടം -ചില തെയ്യക്കോലങ്ങൾക്ക് വെള്ളാട്ടവും ഉണ്ടാകും.തെയ്യത്തിനുള്ളത്ര ചമയങ്ങളില്ലാത്ത തെയ്യത്തിൻ്റെ ചെറു രൂപമാണ് വെള്ളാട്ടമെന്ന് സാമാന്യമായി പറയാം. വെള്ളാട്ടം സന്ധ്യയ്ക്കാണ് പുറപ്പെടുന്നതെങ്കിൽ തെയ്യം ഇറങ്ങുന്നത് മിക്കപ്പോഴും പുലർച്ചെ ആയിരിക്കും

കെട്ടിയാടുന്ന തെയ്യങ്ങൾ / ദേവതകൾ

തെയ്യം തിറയുടെ ഭാഗമായി കെട്ടിയാടുന്ന ദേവതകളെ അമ്മ ദൈവങ്ങൾ, രണ ദൈവങ്ങൾ, മരക്കല ദൈവങ്ങൾ, നായാട്ടു ദൈവങ്ങൾ, മന്ത്രമൂർത്തികൾ എന്നിങ്ങനെ വിവിധതരത്തിൽ ഡോ. എം.വി വിഷ്ണു നമ്പൂതിരി തരം തിരിച്ചു കാണുന്നുണ്ട്.


അമ്മ ദൈവങ്ങൾ
ഉത്തര കേരളത്തിലെ തെയ്യം – തിറയുടെ ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങളിൽ പകുതിയിലധികവും അമ്മ ദൈവങ്ങളാണ്. കാളിയുടെയും ചാമുണ്ഡിയുടെയും വിവിധ കോലങ്ങളായിട്ടാണ് അമ്മ ദൈവങ്ങൾ കെട്ടിയാടുന്നത്. വട്ട മുടിയായും നീളത്തിലുള്ള മുടിയായും വ്യത്യസ്ത മുടികളോടെ അമ്മ ദൈവങ്ങളെ കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അമ്മദൈവമാണ് തായ്പരദേവത. ദേശ ഭേദങ്ങൾക്കനുസരിച്ച് അമ്മ ദൈവങ്ങൾക്ക് പേരിലും വ്യത്യാസങ്ങൾ കാണാം
ഉദാ: വളപട്ടണം കളരിയിൽ ഭഗവതി, എട്ടിക്കുളം – എട്ടിക്കുളം ഭഗവതി, അറത്തിൽ – അറത്തിൽ ഭഗവതി


ഗ്രാമദേവതകൾ
ഗ്രാമജീവിതത്തിൻ്റെ പൊതു ഇടങ്ങളാണ് കാവുകൾ.ഇത്തരത്തിലുള്ള കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളാണ് ഗ്രാമദേവതകൾ.നാട്ടുപരദേവതകളാണ് ഗ്രാമ ദേവതകളായി മാറുന്നത്. ഓരോ സ്വരൂപത്തിനും ഉള്ള ദേവതകളെ ഗ്രാമദേവതകളായും കണക്കാക്കാം
ഉദാ: കോലസ്വരൂപം –തായ്പരദേവത, ചുഴലി സ്വരൂപം – ചുഴലി ഭഗവതി കൂടാതെ കക്കര ഭഗവതി, പ്രമാഞ്ചേരി ഭഗവതി, കണ്ണങ്കാട്ടു ഭഗവതി തുടങ്ങിയ ദേവതകളും ഉണ്ട്.
കാളിയും ചാമുണ്ഡിയും
അമ്മ ദൈവങ്ങൾ, കാളിയുടെയും ചാമുണ്ഡിയുടെയും വ്യത്യസ്ത രൂപങ്ങൾ ആകുന്നതോടൊപ്പം തന്നെ ഇതേ പേരിൽ തന്നെ ദേവതകളായും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഉദാ: പുലിയൂരുകാളി, കരിങ്കാളി, ഭദ്രകാളി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി


രണ ദേവതകൾ
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ യുദ്ധ ദേവതകളാണ് രണ ദേവതകൾ
ഉദാ: ഒറവങ്കര ഭഗവതി, പടക്കെത്തി ഭഗവതി മുതലായവ


രോഗ ദേവതകൾ
രോഗങ്ങൾ ശമിപ്പിക്കുന്ന ദേവതകളാണ് രോഗ ദേവതകൾ
ഉദാ: കണ്ഠാകർണ്ണൻ, വസൂരിമാല, തൂവക്കാളി തുടങ്ങിയവ


മരക്കല ദേവതകൾ
മരക്കലത്തിൽ ( കപ്പലിൽ) കയറി മറ്റു ദേശങ്ങളിൽ നിന്നും കേരളത്തിൽ വന്ന ദേവതകളാണ് മരക്കലതെയ്യങ്ങൾ
ഉദാ: ശൂലകുഠാരിയമ്മ(മരക്കലത്തമ്മ ), ആരിയഭഗവതി, ആര്യപ്പൂമാല മുതലായവ
നാഗ -മൃഗ -ഭൂതാദികൾ
പാമ്പ്, പുലി, പന്നി, ഭൂതം തുടങ്ങിയ സങ്കല്പത്തിലുള്ള തെയ്യങ്ങളാണിവ.
ഉദാ: നാഗകന്നി, കുറുന്തിനി ഭഗവതി, പുലിയൂരുകണ്ണൻ, പുലിയൂരു കാളി, കറുത്ത ഭൂതം, വെളുത്തഭൂതം തുടങ്ങിയവ


നായാട്ടു ദൈവങ്ങൾ

നായാട്ടു നടത്തി അത്ഭുതകരമായ കഴിവുകൾ കാഴ്ചവെച്ച വീരന്മാരെ പിന്നീട് നായാട്ടു ദൈവങ്ങളായി ആരാധിച്ചു വരുന്നു.
ഉദാ: മുത്തപ്പൻ, പൂതാടി ദൈവം ,ആയിരവല്ലി, മലക്കാരി


കാർഷികദൈവങ്ങൾ
കാർഷിക സങ്കല്പങ്ങളുമായി ബന്ധപ്പെട്ട ദൈവങ്ങളാണ് കാർഷിക ദൈവങ്ങൾ
ഉദാ: കുറത്തി, കാലിച്ചേകോൻ,തുടങ്ങിയവ


മന്ത്രമൂർത്തികൾ
മന്ത്രവാദികൾ ഉപാസിക്കുന്ന തെയ്യങ്ങളാണ് മന്ത്രമൂർത്തികൾ
ഉദാ: ഗുളികൻ, പൊട്ടൻ, ഭൈരവൻ, കുട്ടിച്ചാത്തൻ
ഇതിഹാസപുരാണ കഥാപാത്രങ്ങൾ
ഇതിഹാസപുരാണ കഥാപാത്രങ്ങൾ തെയ്യങ്ങളിലും വേഷം കെട്ടിയാടുന്നുണ്ട്.
ഉദാ: ബാലി, സുഗ്രീവൻ, അണ്ടലൂർ ദൈവം, അങ്ക ദൈവം,ബപ്പുരിയൻ തുടങ്ങിയവ


വീര /പരേത തെയ്യങ്ങൾ
യുദ്ധത്തിലും നായാട്ടിലും ഓരോ നാട്ടിലും സവിശേഷ സ്വഭാവത്തോടെ ജീവിച്ച വീരന്മാരെ ആരാധിക്കുന്ന സങ്കല്പത്തിലുള്ള തെയ്യങ്ങളാണിത്.
ഉദാ: കതുവന്നൂർ വീരൻ, തച്ചോളി ഒതേനൻ,വിഷകണ്ഠൻ, കണ്ടനാർ കേളൻ തുടങ്ങിയവ

തെയ്യക്കാലം

എല്ലാ വർഷവും തുലാം പത്തു മുതൽ ആരംഭിച്ച് ഇടവപ്പാതി വരെ നീണ്ടുനിൽക്കുന്ന ഏഴുമാസക്കാലമാണ് (കണ്ണൂർ, കൊളച്ചേരി തുലാപ്പത്തിന് ചാത്തമ്പള്ളിക്കാവിൽ നിന്ന് ആരംഭിച്ച് വളപട്ടണം കളരിവാതുക്കലിലെ കളിയാട്ടത്തോടെ അവസാനിക്കുന്നു) വടക്കൻ കേരളത്തിൻ്റെ ദേശീയ ഉത്സവാഘോഷമായ തെയ്യം – തിറകളുടെ കളിയാട്ടക്കാലം.

(മുത്തപ്പനും പുതിയ ഭഗവതിയും തെയ്യക്കാലമല്ലാത്ത മറ്റു മാസങ്ങളിൽ കെട്ടിയാടാറുണ്ട്.)

തെയ്യത്തിനെ കുറിച്ച് കൂടുതൽ അറിയാൻ: തെയ്യം | Theyyam in Malayalam 2024 | Guide

റഫറൻസ്

1. തോറ്റംപാട്ടുകൾ ഒരു പഠനം – ഡോ. എം.വി. വിഷ്ണുനമ്പൂതിരി

2. തെയ്യവും തിറയും -ഡോ. എം.വി വിഷ്ണു നമ്പൂതിരി

3.കളിയാട്ടം – സി.എം.എസ് ചന്തേര

4.ഫോക് ലോറിന് ഒരു പഠന പദ്ധതി – ഡോ. രാഘവൻ പയ്യനാട്

ലേഖനം : ഡോ. പ്രമോദ് കെ. നാറാത്ത്

1972 ൽ കണ്ണൂർ ജില്ലയിൽ നാറാത്ത് ജനനം.പരേതനായ കെ. കണ്ണൻ്റെയും എം. പി ചന്ദ്രമതിയുടെയും മകൻ . തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് പ്രൈവറ്റായി ബിരുദാനന്തര ബിരുദവും നേടി.
കോഴിക്കോട് സർവ്വകലാശാലയിൽ “ഉത്തരകേരളത്തിലെ പഞ്ചലോഹ ശില്പികൾ ജീവിതവും സംസ്കാരവും “എന്ന വിഷയത്തിൽ പി. എച്ച്. ഡിയും മലയാളത്തിൽ നെറ്റും ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ വിദ്യാഭ്യാസ ലേഖനങ്ങൾ ,കവിതകൾ, കഥകൾ, അഭിമുഖങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *