“യോഗ എന്നാൽ കൂടിച്ചേരുക അല്ലെങ്കിൽ സംയോജിക്കുക എന്നാണ് അർഥം, സംസ്കൃതത്തിലെ “യുജ്”എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്ക് ഉണ്ടായത്. “
യോഗ എന്നാൽ എന്ത്?
യോഗ എന്നാൽ ഒരു വ്യായാമമുറ അല്ലെങ്കിൽ ജീവിത ശൈലി എന്ന് നമുക്ക് പറയാം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വേണ്ടി ആയിരകണക്കിന് വർഷങ്ങൾക്കു മുൻപ് മുതൽ യോഗ ഒരു ജീവിത ശൈലി ആയി അനുഷ്ഠിച്ച് വരുന്നുണ്ട്.
യോഗ ശരീരത്തെയും മനസ്സിനേയും രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും എപ്പോഴും ഊര്‍ജസ്വലതയോടെ നിലനിർത്തുകയും ചെയ്യുന്നു.
യോഗശാസ്ത്രം
ജ്ഞാനയോഗം,കർമ്മയോഗം, ഭക്തിയോഗം, രാജയോഗം എന്നിങ്ങനെ നാല് യോഗ ശാസ്ത്രങ്ങളാണ് ഉള്ളത്. അതേപോലെ തന്ത്ര യോഗം, കുണ്ടലിനി യോഗം, മന്ത്ര യോഗം എന്നിങ്ങനെ വേറെയും അനേകം യോഗ സമ്പ്രദായങ്ങൾ ഉണ്ട് ഇതിന്റെ എല്ലാം പ്രധാന ലക്ഷ്യം മനുഷ്യനെ പൂർണതയിലേക്ക് എത്തിക്കുക എന്നുള്ളതാണ്. യോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് രാജയോഗം ആണ്. രാജയോഗം സ്വീകരിക്കുന്നവർക്ക് തികഞ്ഞ ആരോഗ്യം, മനസ്സമാധാനം, ദൃഢത, ഏകാഗ്ര ബുദ്ധി തുടങ്ങി പല യോഗ്യതകളും ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ അവർ ലക്ഷ്യത്തിൽ എത്തുകയുള്ളൂ. ഈ പറഞ്ഞ യോഗ്യതകൾ എല്ലാം സാധാരണക്കാർക്കും ആവശ്യമാണല്ലോ? ഇതൊന്നും ഇല്ലാത്തവരാണ് ജീവിതത്തിൽ പരാജയപ്പെടുന്നത്. എന്നാൽ ഇതൊന്നും സ്വയം വന്നുചേരുന്ന യോഗ്യതകൾ അല്ല. തികഞ്ഞ ആരോഗ്യം, മനശാന്തി, സമാധാന ചിത്തത, ദൃഢത, ഏകാഗ്രബുദ്ധി, ഓർമ്മശക്തി ഈ യോഗ്യതകൾ എല്ലാം ഓരോരുത്തരും സ്വയം സമ്പാദിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. ഓരോ ദിവസവും നമ്മുടെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ അതാത് ദിവസം തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കണം, ഇത് നമ്മുടെ ജീവിതകാലം മുഴുവൻ തുടരണം. ഇതിന് വേണ്ടിയുള്ള സയൻസും ടെക്നോളജിയും ആണ് രാജയോഗത്തിലെ ആദ്യ പകുതിയായി യമ, നിയമ, ആസന, പ്രാണായാമങ്ങൾ. ഭൗതികജീവിതം ത്യജിച്ച് ആത്മീയ ജീവിതത്തിലേക്ക് പോകുന്നവർക്കുള്ള യോഗസാധനകളാണ് രാജയോഗ രണ്ടാമത്തെ പകുതിയിലുള്ള പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ നാല് പാഠങ്ങൾ.
മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരേയൊരു ശാസ്ത്രമാണ് യോഗശാസ്ത്രം. ഓരോ മനുഷ്യനിലും അത്ഭുതകരമായ ശക്തിയും, സാമർത്ഥ്യവും, ചൈതന്യവും ഒളിഞ്ഞുകിടപ്പുണ്ട്. അവയെ ഉണർത്തുകയും ഉദ്ദീപിപ്പിക്കുകയും ചെയ്തു അവനെ ഒരു മെച്ചപ്പെട്ട മനുഷ്യനാക്കി തീർക്കുക എന്നതാണ് മൊത്തത്തിൽ പറഞ്ഞാൽ യോഗ ശാസ്ത്രത്തിന്റെ ലക്ഷ്യം.
ഏതൊരാൾക്കും യോഗ അഭ്യസിച്ചാൽ ഫലം സിദ്ധിക്കും എന്നതാണ് ശാസ്ത്രം പറയുന്നത്.
“യുവാ വൃദ്ധോ/തി വൃദ്ധോവാ വ്യാധിതോ ദുര്‍ബലോപി വാ
അഭ്യാസാത് സിദ്ധിമാപ്നോതി സര്‍വ്വയോഗേഷ്വതന്ദ്രിതഃ”
യുവാവ്, വൃദ്ധൻ, അതിവൃദ്ധൻ, ദുര്‍ബ്ബലൻ, രോഗി എന്നിവർക്കെല്ലാം യോഗ അഭ്യസിച്ച് ബലം നേടാവുന്നതാണ്.
യോഗ ഒരു ദിനചര്യയായി സ്വീകരിച്ച കൃത്യമായി ചെയ്യുന്നവർക്ക് നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്.
യോഗയുടെ ചരിത്രം / ഉത്ഭവം
ഭാരതീയ സംസ്കാരത്തിൽ പ്രധാന സ്ഥാനം അർഹിക്കുന്ന ഒന്നാണ് യോഗ. ഇന്ത്യയിലെ ആറ് പൗരാണിക ദർശനങ്ങളിൽ ഒന്നാണ് യോഗ. നാഗരികതയുടെ ഉദയത്തോടെയാണ് യോഗാഭ്യാസം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആദ്യത്തെ മതങ്ങളും വിശ്വാസങ്ങളും ഒക്കെ ജനിക്കുന്നതിനു മുമ്പാണ് യോഗയുടെ ഉത്ഭവം. യോഗ സംസ്കാരത്തിൽ ശിവനെ ദൈവമായി കാണുന്നില്ല, ആദിയോഗിയാണ്. ശിവനെ ആദ്യത്തെ യോഗി അല്ലെങ്കിൽ ആദിയോഗിയായി കണക്കാക്കുന്നു. അതിനാൽ യോഗയുടെ യഥാർത്ഥ പിതാവ് അദ്ദേഹമാണെന്ന് അർത്ഥമാക്കുന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് ആദിയോഗി തന്റെ അഗാധമായ അറിവ് ഐതിഹാസികരായ സപ്തരിഷികളിലേക്ക് (ഏഴ് ഋഷിമാരിലേക്ക്”) പകർന്നു നൽകി. മുനികൾ ഈ ശക്തമായ യോഗശാസ്ത്രം ഏഷ്യ, മധ്യഭാഗം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി. ഇന്ത്യയിലാണ് യോഗ സമ്പ്രദായം അതിന്റെ പൂർണ്ണമായ ആവിഷ്കാരം കണ്ടെത്തിയത്.അഗസ്ത്യ, സപ്തരിഷികൾ സഞ്ചരിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡം, ഒരു പ്രധാന യോഗ ജീവിതരീതിയെ ചുറ്റിപ്പറ്റിയാണ് ഈ സംസ്കാരം രൂപപ്പെടുത്തിയത്.
യോഗയുടെ പിതാവ്
ശിവനെ ആദ്യത്തെ യോഗി അല്ലെങ്കിൽ ആദിയോഗിയായി കണക്കാക്കുന്നു. അതിനാൽ യോഗയുടെ യഥാർത്ഥ പിതാവ് അദ്ദേഹമാണെന്ന് അർത്ഥമാക്കുന്നു.
എന്നാൽ യോഗ അറിവുകളും പ്രയോഗങ്ങളും ആയിരക്കണക്കിന് വർഷങ്ങൾ നിരവധി വേദ ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുകയായിരുന്നു അതിനെ 200 ബിസി യിൽ കൃത്യമായ സംവിധാനത്തിലേക്ക് സ്വാംശീകരിച്ചത് പതഞ്ജലി മഹർഷി ആണ് അതിനാൽ അദ്ദേഹത്തെ ആധുനിക യോഗയുടെ പിതാവ് എന്ന് അറിയപ്പെടുന്നു.
പതഞ്ജലിയുടെ യോഗസൂത്രം
പതഞ്ജലി മഹർഷിയുടെ യോഗസൂത്രം എന്ന പുരാതന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ഈ വിഭാഗത്തിൽ. യോഗയുടെ ഉത്ഭവം ലക്ഷ്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന പുരാതന ഗ്രന്ഥമാണ് പതഞ്ജലിയുടെ യോഗസൂത്രം.
യോഗയുടെ പ്രാധാന്യം
ഇന്നത്തെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ നമ്മുടെ ശരീരത്തിനും മനസ്സിനും ആവശ്യമായ ശ്രദ്ധയോ പരിചരണമോ നമുക്ക് നല്കാൻ സാധിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാവണം പലരുടെയും ഉത്തരം. ആവശ്യത്തിന് ശ്രദ്ധ നൽകാത്തത് കൊണ്ട് തന്നെയാണ് പലർക്കും വളരെ ചെറുപ്പക്കാലത്ത് തന്നെ പലതരം രോഗങ്ങളും അതുമൂലം പലവിധ മാനസിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്നത്. ഇത് മാത്രമല്ല മരുന്നും ആശുപത്രിയുമായി നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാൽ ശരീരത്തിന്റെയും മനസ്സിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യായാമമുറ അല്ലെങ്കിൽ ജീവിത ശൈലി ആയ യോഗ അനുഷ്ഠിക്കുന്നവർ ഇത്തരം ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ അതിജീവിക്കാൻ കഴിയുന്നു അതുതന്നെയാണ് യോഗ വളരെ പ്രാധാന്യം ഏറിയ ഒന്നാവാൻ കാരണവും.
യോഗയുടെ ലക്ഷ്യം
യോഗ എന്നാൽ കൂടിച്ചേരുക അല്ലെങ്കിൽ സംയോജിക്കുക എന്നാണ് അർഥം. എന്നാൽ നമുക്ക് നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ശക്തി ചൈതന്യത്തെ ഉണർത്തി അതുമായി ഒരു ബന്ധം സ്ഥാപിക്കാൻ അല്ലെങ്കിൽ സംയോജിക്കാൻ സാധിക്കുന്നില്ല. നമ്മൾ എപ്പോഴും നമുക്ക് ചുറ്റും ഉള്ള സാഹചര്യങ്ങളുമായും വസ്തുക്കളുമായും ആണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.
നമ്മുടെ ഉള്ളിലെ ചൈതന്യത്തെ അല്ലെങ്കിൽ ഈശ്വരനെ ഉണർത്തി അതുമായി ആത്മബന്ധം സ്ഥാപിക്കുമ്പോൾ മാത്രമാണ് യഥാർഥ ശാന്തി നമുക്ക് അനുഭവിക്കാൻ കഴിയുന്നത്. മനുഷ്യന്റെ ഉള്ളിൽ അന്തര്ലീനമായിരിക്കുന്ന ശക്തി ചൈതന്യത്തെ ഉണർത്തി അതിനെ ശരിയായ മാർഗത്തിലൂടെ നയിച്ച് അറിവും ആരോഗ്യവും സന്തോഷവും നൽകി മനുഷ്യന്റെ ജീവിതത്തെ പൂർണതയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം.
യോഗ ചെയ്യേണ്ട സമയം
യോഗ പരിശീലിക്കാൻ ഉചിതമായ സമയം ഏതാണ്? ഇത് പലർക്കും ഉള്ള ഒരു ചോദ്യം ആണ്. യോഗ ശാസ്ത്രമനുസരിച്ച് ബ്രഹ്മ മുഹൂർത്തം, സൂര്യോദയം, സൂര്യാസ്തമയം തുടങ്ങിയ സമയങ്ങളിൽ നമുക്ക് യോഗ ചെയ്യാം എന്നാൽ ഈ ഓരോ സമയത്തും ചെയ്യാവുന്ന കാര്യങ്ങളും ചെയ്യാൻപാടില്ലാത്ത കാര്യങ്ങളും ഉണ്ട്.
യോഗ പരിശീലിക്കാൻ ഉചിതമായ സമയം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ബ്രഹ്മ മുഹൂർത്തം എന്നാണ്. അതിന് ചില കാരണങ്ങളും ഉണ്ട്. ആത്മീയ വളർച്ചക്ക് ഏറ്റവും ഉചിതമായ സമയം ബ്രഹ്മ മുഹൂർത്തം ആണ്.
ബ്രഹ്മ മുഹൂർത്തം എന്ന് പറയുന്നത് സൂര്യോദയത്തിന് ഒന്നര മണിക്കൂർ മുൻപ് ഉള്ള സമയമാണ്. ഈ സമയം നമ്മൾ ഏറ്റവും ഉന്മേഷമായി ഇരിക്കുന്ന സമയമാണ്. അതെ പോലെ തന്നെ നമ്മുടെ വയർ ശൂന്യമായിരിക്കും, നമ്മുടെ മനസ്സ് വലിയ സമ്മർദ്ദം ഇല്ലാതെ നിൽക്കുന്ന ഒരു സമയം കൂടെ ആണ് അതുകൊണ്ട് തന്നെ ഈ സമയത്ത് ചെയ്യുന്ന യോഗ വളരെ ഉപയോഗപ്രദമായിരിക്കും. എന്നാൽ നമുക്ക് പലർക്കും ജോലി ഒക്കെ കഴിഞ്ഞ് വന്ന് ഈ പറയുന്ന ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ഉള്ളവർ രാവിലെ ഒരു 8 മണിക്ക് മുന്നെ യോഗ ചെയ്യുന്നതും ഉചിതമായിരിക്കും.
ശാരീരിക ക്ഷമത മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ സൂര്യോദയമോ സൂര്യാസ്തമയമോ നിങ്ങൾക്ക് യോഗ ചെയ്യാനായി തിരഞ്ഞെടുക്കാം. ഉച്ചസമയം യോഗ ചെയ്യാൻ അത്ര അനുയോജ്യമായ സമയമല്ല കാരണം കഴിച്ച ഭക്ഷണം ശരിയായി ദഹിച്ച ശേഷമേ യോഗ ചെയ്യാൻ പാടുള്ളു. ഉച്ചയ്ക്ക് യോഗ ചെയ്‌താൽ അമിതമായി വിയർക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ചിലപ്പോൾ ശരീരത്തിന്റെ നിർജ്ജലീകരണത്തിനും കാരണമാവും.
യോഗയുടെ ഗുണങ്ങൾ
ഭാരതീയ സംസ്കാരത്തിൽ യോഗ നൂറ്റാണ്ടുകളായി പരിശീലിച്ചുവരുന്നു, ഇത് ഒരു വ്യായാമ മാർഗ്ഗം മാത്രമല്ല, ഒരു ജീവിത ശൈലി കൂടെ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ, യോഗ ഏറ്റവും സാധാരണയായി നടത്തുന്ന ഫിറ്റ്നസ് പ്രോഗ്രാമുകളിൽ ഒന്നാണ്. ജിമ്മിൽ നമ്മൾ ചെയ്യുന്ന വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സമഗ്രമായ പുരോഗതിക്ക് യോഗ കാരണമാകുന്നു യോഗയുടെ ചില ആരോഗ്യ ഗുണങ്ങൾ താഴെ നൽകിയിരിക്കുന്നു.
- യോഗ മാനസിക പിരിമുറുക്കത്തിൽ നിന്ന് മറികടക്കാൻ യോഗ സഹായിക്കും. ദിവസത്തിൽ കുറച്ച് സമയം യോഗ ചെയ്യുന്നത് ശരീരത്തിലും മനസ്സിലും ദിവസേന അടിഞ്ഞുകൂടുന്ന സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനുള്ള മികച്ച മാർഗമാണ്. യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ സമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ വിദ്യകളാണ്
- ശരീരഭാരം കുറക്കാൻ യോഗ സഹായിക്കും. സൂര്യ നമസ്കാരവും (സൂര്യനമസ്ക്കാരം) പ്രാണായാമവും യോഗയിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികളാണ്.
- യോഗ വേദനകൾക്ക് ആശ്വാസം നൽകുന്നു – കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, രക്താതിമർദ്ദം, സന്ധിവാതം, പുറം, കഴുത്ത് വേദന, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയുള്ള ആളുകൾക്ക് യോഗ പരിശീലിക്കുന്നത് വേദന കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- യോഗ ശ്വസനം മെച്ചപ്പെടുത്തുന്നു – പല പ്രാണായാമങ്ങളും ശ്വാസം മന്ദഗതിയിലാക്കുന്നതിനും ആഴത്തിലാക്കുന്നതിനും സഹായിക്കുന്നു, ഇത് ശരീരത്തിന്റെ പാരസിംപതിറ്റിക് സിസ്റ്റം അല്ലെങ്കിൽ വിശ്രമ പ്രതികരണത്തെ സജീവമാക്കുന്നു.
- യോഗ ശരീരത്തെ വഴക്കമുള്ളതാക്കി മാറ്റുന്നു – യോഗയ്ക്ക് വഴക്കവും ചലനാത്മകതയും മെച്ചപ്പെടുത്താനും ചലന പരിധി വർദ്ധിപ്പിക്കാനും കഴിയും.
വിവിധ യോഗാസനങ്ങള്‍
- പ്രാർത്ഥനയും ധ്യാനവും
- ശവാസനം
- സുഖാസനം
- സ്വസ്തികാസനം
- താലാസനം
- വജ്രാസനം
- ഗോമുഖാസനം
- ഉത്കടാസനം
- ത്രികോണാസനം
- പത്മാസനം
- അർദ്ധ പത്മാസനം
- ചക്രാസനം
- കടിചക്രാസനം
- ബദ്ധ പത്മാസനം
- അർദ്ധ മേരുദണ്ഡാസനം
- പൂർണ്ണ മേരുദണ്ഡാസനം
- സൈക്ലിംഗ്
- പാർശ്വ മേരുദണ്ഡാസനം
- സേതുബന്ധാസനം
- കന്ധരാസനം
- ഭദ്രാസനം
- നികുഞ്ജാസനം
- അർദ്ധപവനമുക്താസനം
- പൂർണപവനമുക്താസനം
- നൗകാസനം
- സുപ്ത വജ്രാസനം
- ശശാസനം
- പർവ്വതാസനം
- സുമേരു ആസനം
- ശുണ്ഡാലാസനം
- വൃക്ഷാസനം
- മാർജാരി ആസനം
- വ്യാഘ്രാസനം
- ഖഗാസനം
- ഗരുഡാസനം
- യോഗമുദ്ര
- ഭുജംഗാസനം
- അർദ്ധശലഭാസനം
- പൂർണശലഭാസനം.
- ധനുരാസനം.
- മകരാസനം
- വക്രാസനം
- അര്‍ദ്ധ മത്സ്യേന്ദ്രാസനം
- ആകർണ ധനുരാസനം
- വിപരീതകരണി
- സർവ്വാംഗാസനം
- മത്സ്യാസനം
- അർദ്ധഹലാസനം
- ഹലാസനം
- സിദ്ധാസനം
- പശ്ചിമോത്താനാസനം
- ജാനുശീർഷാസനം.
- ഉഷ്ട്രാസനം
- അഗ്നിസാരക്രിയ
- പാദഹസ്താസനം
- ഉദ്ദിയാന-ബന്ധ
- ജോഗിംഗ്
യോഗ പരിശീലനം – നിബന്ധനകളും നിർദ്ദേശങ്ങളും
- യോഗ മാറ്റ്, അല്ലെങ്കിൽ നല്ല നീളവും വീതിയും കട്ടിയുമുള്ള ഒരു കോട്ടൺ ബെഡ്ഷീറ്റ് നിവർത്തി വിരിച്ച് ഇതിൽ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി വേണം യോഗ അഭ്യസിക്കുവാൻ.
- യോഗ അഭ്യസിക്കുവാൻ ഏറ്റവും ഉചിതമായ സമയം പ്രഭാതം ആണ്. നേരത്തെ ഉണർന്ന് മലശോധനാദി പ്രഭാതകർമ്മങ്ങൾ നിർവഹിക്കുക. എഴുന്നേറ്റാൽ ഉടൻ തന്നെ ദന്ത ശുദ്ധി വരുത്തി ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് മലശോധനയ്ക്ക് സഹായകരമാവും. കുളി കഴിഞ്ഞിട്ട് യോഗ അഭ്യസിക്കുന്നത് കൂടുതൽ പ്രയോജനകരമാണ്. ഇനി രാവിലെ സമയം കിട്ടാത്തവർക്ക് വൈകിട്ട് സൂര്യാസ്തമയത്തിനു മുന്നേ യോഗ ചെയ്യാം.
- കാറ്റും വെളിച്ചവും കിട്ടുന്നതും സാധനങ്ങൾ അധികം ഇല്ലാത്തതും ശുചിത്വം ഉള്ളതുമായ ഒരു മുറിക്കകത്ത് അല്ലെങ്കിൽ ടെറസിന് മുകളിലോ യോഗ ചെയ്യാവുന്നതാണ്. തുറസ്സായ സ്ഥലവും തിരഞ്ഞെടുക്കാം എന്നാൽ ആരുടെയും ശല്യം ഇല്ല എന്ന് ഉറപ്പുവരുത്തുക. ശബ്ദവും ബഹളവും ഇല്ലാത്ത ശാന്തമായ അന്തരീക്ഷമാണ് യോഗ ചെയ്യുവാൻ ഉചിതം.
- യോഗ ചെയ്യുമ്പോൾ ബനിയൻ കണ്ണട വാച്ച് ഇതൊന്നും പാടില്ല. പുരുഷന്മാർക്ക് ലങ്കോട്ടി യാണ് ഉത്തമം. പെൺകുട്ടികളും സ്ത്രീകളും ചുരിദാറും കമ്മീസും ധരിക്കുന്നത് ആയിരിക്കും സൗകര്യം. പൈജാമയും ഷർട്ടും ആയാലും മതി.
- യോഗ ചെയ്യുമ്പോൾ ഫാൻ ഉപയോഗിക്കരുത്. എയർകണ്ടീഷൻ ഉള്ള മുറിയും അനുയോജ്യമല്ല. അനുകൂലമല്ലാത്ത കാലാവസ്ഥകളിൽ ഈ നിയമത്തിൽ ആവശ്യാനുസരണം അയവ് വരുത്താം.
- അവരവർക്കിഷ്ടമുള്ള ഏതെങ്കിലും പ്രാർത്ഥനയാണ് ആദ്യമായി വേണ്ടത്. തുടർന്ന് രണ്ടുമിനിറ്റ് ധ്യാനത്തിൽ ഇരിക്കുക. മനസ്സിലെ പിരിമുറുക്കം (ടെൻഷൻ ) മാറി മനസ്സ് ശാന്തമാകാൻ ആണ് പ്രാർത്ഥനയും ധ്യാനവും. ശരീരത്തിന്റെ പിരിമുറുക്കം മാറ്റാൻ രണ്ടുമിനിറ്റ് ശവാസനവും വേണം. ഇത് മൂന്നും കഴിഞ്ഞിട്ടാണ് ബാക്കി യോഗാസനകളിലേക്ക് പോകേണ്ടത്.
- യോഗ ചെയ്തു കഴിഞ്ഞതിനു ശേഷം കുറച്ചുസമയം ശാന്തമായി ഇരിക്കണം. പെട്ടെന്നു മറ്റു കാര്യങ്ങളിലേക്ക് പ്രവേശിക്കരുത്. 15-20 കഴിഞ്ഞു മതി കുളി, ഭക്ഷണം തുടങ്ങിയവ.
- ഏതെങ്കിലും ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ളവരും, അസുഖം ഉള്ളവരും ഡോക്ടറുടെയോ, യോഗാ വിദഗ്ധന്റെയോ ഉപദേശം സ്വീകരിച്ചതിനുശേഷം വേണം യോഗ ചെയ്യുവാൻ.
- ബലം പ്രയോഗിച്ചും, മത്സരിച്ചും യോഗ അഭ്യസിക്കുന്നത്. ശരീരത്തിന്റെ യും അവയവങ്ങളുടെയും വഴക്കം അനുസരിച്ച് മാത്രമേ ഓരോ ആസനവും പ്രയോഗിക്കാൻ പാടുള്ളൂ.
- സ്ത്രീകൾ ആർത്തവ കാലങ്ങളിലും ഗർഭിണികൾ രണ്ടുമാസത്തിനു ശേഷവും യോഗ ചെയ്യരുത്.
- യോഗ ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. ആഹാരം പോലെ തന്നെ നമുക്കാവശ്യമായ ഒന്നാണ് യോഗ വ്യായാമവും ദിവസവും കുറച്ചുസമയം അതിനുവേണ്ടി മാറ്റിവയ്ക്കുക.
ഈ ഒരു ബ്ലോഗ് പേജിലൂടെ നമ്മൾ കണ്ടത്തിയത് യോഗ എന്താണ്, യോഗയുടെ ചരിത്രം / ഉത്ഭവം, യോഗയുടെ പ്രാധാന്യം, യോഗയുടെ ലക്ഷ്യം, യോഗ ചെയ്യേണ്ട സമയം അതുപോലെ യോഗയുടെ ഗുണങ്ങൾ എന്നിവയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വേണ്ടി യോഗ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഈ ഒരു ബ്ലോഗ് ഉപകാരപ്രദമാകും.
കൂടുതൽ യോഗ അനുബന്ധ ഉള്ളടക്കം അറിയുവാൻ നിങ്ങൾ ഹിഡൻ മന്ത്രയുടെ ബ്ലോഗ് പേജ് സന്ദർശിക്കൂ…
3 Responses