വടക്കേ മലബാറിലെ പ്രധാനമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ പ്രധാനപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം. കോലോത്തു നാടിന്റെ സംസ്കാരവും ആൽമീയവുമായ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു അതുല്യമായ കലാരൂപമാണ് കുട്ടിച്ചാത്തൻ തെയ്യം.
പ്രധാനമായും പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചുവരുന്ന ഒരു ആരാധന മൂർത്തിയും മന്ത്രമൂർത്തിയും ആണ് കുട്ടിച്ചാത്തൻ. കരിംകുട്ടി ചാത്തൻ പൂക്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ എന്നീ തെയ്യങ്ങളെയാണ് മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരായി കണക്കാക്കുന്നത്. ബ്രാഹ്മണന്മാർ അല്ലാത്തവരും കുട്ടിച്ചാത്തനെ ആരാധിച്ചു വരുന്നുണ്ട്.
കണ്ണൂരിലെ പയ്യന്നൂർ ഉള്ള ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ തറവാടാണ് കാളകാട്ടില്ലം. കാള കാട്ടിലത്തെ കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ടതാണ് കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ഐതിഹ്യം. അതിനാൽ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും ഈ തെയ്യത്തിന് അറിയപ്പെടാറുണ്ട്.
കുട്ടിച്ചാത്തൻ തെയ്യം പുരാവൃത്തം
ശിവ ഭക്തനായ കാളകാട്ടുമനയിലെ വേദപണ്ഡിതനും ശ്രേഷ്ഠനും ആയിരുന്നു കാളകാട്ട് നമ്പുതിരി. കൂടാതെ അതിയായ സമ്പത്തിനും ഉടമയായിരുന്നു തിരുമേനി. എന്നാൽ ഒരു സന്താനഭാഗ്യം തിരുമേനിക്ക് ഉണ്ടായിരുന്നില്ല. ഈ വിഷമ പരിഹാരത്തിനായി തിരുമേനി കയറിയിറങ്ങാത്ത മഹാക്ഷേത്രങ്ങൾ ഇല്ല.
ഒരു ദിവസം കൈലാസനാഥനായ ശിവൻ പാർവതി സമേതം മലനാട്ടിൽ എത്തി. വള്ളുവന്റെയും വള്ളുവത്തിയുടെയും വേഷം ധരിച്ച് ശിവനും പാർവതിയും കാട്ടിലൂടെ കളിച്ചും വേട്ടയാടിയും നടന്നു. ഇതിനിടയിൽ പാർവതി ഗർഭം ധരിച്ചു.
കരിമ്പൂരാടവും കറുത്തവാവും ഒന്നിച്ചു വന്ന കർക്കിടമാസത്തിലെ ഒരു മൂന്നാം നാളിൽ ദേവി പ്രസവിച്ചു. കറുത്ത ശരീരവും നെറ്റിയിൽ മൂന്നാം കണ്ണുമായാണ് കുട്ടിച്ചാത്തൻ പിറന്നത്. കുട്ടിച്ചാത്തൻ ദിവ്യത്വം ഉള്ളത് ശിവനും പാർവതിയും മനസ്സിലാക്കി. ഭൂമിയിൽ ജനിച്ചതിനാൽ കുഞ്ഞിനെ കൈലാസത്തിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. കാട്ടിൽ ഉപേക്ഷിക്കാനും കഴിയില്ല.
കുട്ടിച്ചാത്തനെ പാലൂട്ടി വളർത്തണമെന്ന് പാർവതി ആഗ്രഹം പ്രകടിപ്പിച്ചു. അതിനു പരിഹാരമായി ശിവൻ ഒരു വഴി കാണുന്നു. തന്റെ ഭക്തനായ കാളകാട്ടു തിരുമേനിക്ക് കുട്ടികളില്ല. തിരുമേനിയുടെ ഗൃഹം ഇവിടെ അടുത്താണെന്ന് മനസ്സിലാക്കിയ ശിവൻ കുട്ടിച്ചാത്തനെ നമ്പൂതിരിക്ക് നൽകാമെന്ന് തീരുമാനിക്കുന്നു.
കാളകാട്ടുമനയിലെ കുട്ടികളില്ലാത്ത നമ്പൂതിരിക്ക് ദിവ്യ ദമ്പതികൾ കുട്ടിച്ചാത്തനെ നൽകുന്നു. കറുത്ത നിറമാണ് എങ്കിലും യുവത്വമുള്ള കുഞ്ഞിനെ ആത്തോലമ്മ സ്നേഹത്തോടെ സ്വീകരിക്കുന്നു. നെറ്റിയിലെ ചന്ദ്രക്കല കാണിച്ച് തിരുമേനി ഭാര്യയോട് പറഞ്ഞു നമുക്ക് മഹാദേവൻ തന്ന നിധിയാണ് ഇവനെന്ന്.
അസാമാന ബുദ്ധിമാനായി കുട്ടിച്ചാത്തൻ ഇല്ലത്ത് വളർന്നു.വളർച്ചയിലെ ഓരോ ഘട്ടത്തിലും അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി.
വിദ്യാഭ്യാസത്തിൽ അസാമാന്യ കഴിവ് കാണിച്ച കുട്ടിച്ചാത്തൻ ഗുരുവിന്റെ ഉപദേശങ്ങൾ ചെവി കൊണ്ടില്ല. ബ്രാഹ്മണ പാരമ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ തുടങ്ങി കുട്ടിച്ചാത്തൻ.
അനുസരണക്കേട് കാണിച്ച കുട്ടിച്ചാത്തനെ ഗുരു ശിഷ്യിക്കുന്നത് പതിവായി. ഒരു ദിവസം ഗുരുവിനെ വെട്ടിക്കൊന്ന് കുട്ടിച്ചാത്തൻ പഠിപ്പു മതിയാക്കി സ്ഥലം വിട്ടു.
മകന്റെ പ്രവർത്തിയിൽ കോപിഷ്ഠനായ പിതാവ് അവനു “കുട്ടിച്ചാത്തൻ” എന്ന പേര് നൽകി.
വീട്ടിലെ സ്വര്യ ജീവിതം തകർത്തപ്പോൾ തിരുമേനി ചാത്തനെ കാട്ടിലേക്ക് അയച്ചു. അവിടുന്ന് ഒരു ദിവസം സ്വർണ്ണകിണ്ടിയിൽ പാൽ കുടിക്കണം എന്ന മോഹം അവനു ഉയർന്നു. അവൻ നേരെ കാളകാട്ടി ഇല്ലത്തേക്ക് യാത്രയായി. അമ്മയെ കണ്ടു ആവശ്യമറിയിച്ചു. പക്ഷേ ആത്തോലമ്മ അവനെ ആട്ടിപ്പായിച്ചു. ഇതിൽ കോപിഷ്ഠനായ കുട്ടിച്ചാത്തൻ ഒരു കാളയെ കൊന്നു ചോര കുടിച്ചു. കാളയെ തേടിയെത്തിയ കാടന്മാരോട് കാള കൈലാസം പ്രാപിച്ചു എന്ന് പറഞ്ഞു. ഇതറിഞ്ഞ കാളകാട്ടില്ലത്തമ്മ അവനെ വഴക്കു പറഞ്ഞു. വഴക്ക് കേട്ട് കുട്ടിച്ചാത്തൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. പാലു തരാത്തതിനാൽ ഞാൻ കാളയെ കൊന്നു ദാഹം അകറ്റി എന്ന് അവൻ അമ്മയോട് പറഞ്ഞു.
പ്രധാനപ്പെട്ട വിവിധ തരം തെയ്യങ്ങളെ കുറിച്ച് അറിയാൻ ഞങ്ങളുടെ തെയ്യം പേജ് സന്ദർശിക്കൂ…
ഇത് കേട്ട കാടന്മാർ അവനെ തല്ലി അവശനാക്കുന്നു. അവശനായ അവനെ ദൂരെ തോട്ടിലേക്കെറിഞ്ഞു. വലിച്ചെറിഞ്ഞ കുട്ടിച്ചാത്തൻ കരിമ്പാറയിൽ പതിച്ചു. ചുടുചോര കുത്തി ഒഴുകാൻ തുടങ്ങി. ഇത് കുട്ടിച്ചാത്തനിൽ പ്രതികാരം ഉണർത്തുന്നു. അവിടുന്ന് എഴുന്നേറ്റ് കുട്ടിച്ചാത്തൻ ഇല്ലത്തെത്തി ഒരു കല്ലെടുത്ത് കാളകാട്ടിലെത്തമ്മയെ എറിയുന്നു തല്ലിയശനാക്കി പഠിക്കാത്തവനെ എന്ത് ചെയ്യണം എന്ന് കാടന്മാർ കൂടിയാലോചിച്ചു.
അവർ കുട്ടിച്ചാത്തന് പിടിച്ചു കെട്ടി കാഞ്ഞിരപ്പുഴയുടെ കടവിൽ എത്തിച്ചു. അവിടുത്തെ കരിങ്കല്ലിൽ ചേർത്ത് കെട്ടി. കാട്ടു മൂപ്പൻ ഉറഞ്ഞുതുള്ളി. ഈ സമയം ഉഗ്രമായ പേമാരിയും കൊടുങ്കാറ്റും ഉണ്ടായി. കാട്ടു മൂപ്പൻ കുട്ടിച്ചാത്തന്റെ തലയെടുത്തു. എന്നിട്ട് അവന്റെ ശരീരം പുഴയിലേക്ക് എറിഞ്ഞു.
കുട്ടിച്ചാത്തന് കൊന്ന സന്തോഷ വാർത്ത അറിയിക്കാൻ കാടന്മാർ ഇല്ലത്തേക്കോടി
പിറകിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു കുളിച്ചിട്ട് വേണം ഇല്ലത്തിന്റെ പടി ചവിട്ടാൻ
അടുത്തുള്ള ചിറയിൽ കുളിച്ച് കാടന്മാർക ഇല്ലത്തെത്തി.
ആശ്ചര്യം! തലയും ഉടലും രണ്ടായി പിളർന്ന കുട്ടിച്ചാത്തൻ മുന്നിൽ. കുട്ടിച്ചാത്തൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ ചിരി ഇല്ലത്തും പുറത്തും പ്രകമ്പനം കൊണ്ടു. ചാത്തന്റെ ഭീകരരൂപം കണ്ട് എല്ലാവരും ഭയന്നു ഓടി.
കുട്ടിച്ചാത്തനെ ആവാഹിക്കാൻ മന്ത്രവാദികൾ എത്തി. രാത്രിയുടെ ഏകാന്തതയിൽ കുട്ടിച്ചാത്തനെ മന്ത്രവാദികൾ ആവാഹിച്ച് വരുത്തി. ചാത്തന്റെ ശരീരത്തെ മന്ത്രവാദികൾ കഷ്ണങ്ങളായി വെട്ടി എറിഞ്ഞു എന്നിട്ട് ശരീര ഭാഗങ്ങൾ അഗ്നിയിലേക്ക് ഹോമിച്ചു.
കുട്ടിച്ചാത്തന്റെ മുന്നൂറ്റിതൊണ്ണൂറാമത്തെ കഷണം അഗ്നിയിൽ കിടന്നു പുകഞ്ഞു. അഗ്നികുണ്ഡത്തിലെ പുക അവിടെ ആകെ വ്യാപിച്ചു. ആ അഗ്നികുണ്ഡത്തിൽ നിന്നും അട്ടഹസിച്ചു നൂറുകണക്കിന് ചാത്തന്മാർ ഉയർന്നു വന്നു.
ഇത് കണ്ട് ഭയന്നു വിറച്ച മന്ത്രവാദികൾ ഓടി. ചാത്തൻ ഓരോരുത്തരെയും തിരഞ്ഞുപിടിച്ച് വധിച്ചു, കാളകാട്ടില്ലം തീവച്ച് നശിപ്പിച്ചു.
ഇതിന് പരിഹാരമായി എല്ലാവരും ചേർന്ന് പെരുമലയനെ ശരണം പ്രാപിച്ചു. വെളിപാട് പ്രകാരം ഇതിന് പരിഹാരമായി ജനം “കുട്ടിച്ചാത്തൻ തെയ്യം” കെട്ടിയാടാൻ തുടങ്ങി. അങ്ങനെ കുട്ടിച്ചാത്തൻ മലനാട്ടിലെ ദൈവമായി മാറി.
തെയ്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാൻ ഞങ്ങളുടെ ബ്ലോഗ് പേജ് സന്ദര്‍ശിക്കു…